എന്‍റെ പ്രിയപ്പെട്ട പെരിങ്കുരികില്‍*ക്കുഞ്ഞ്

2 comments

പ്രസിദ്ധ കഥാ കൃത്തും കവിയും നല്ലൊരു സംഘാടകനും, കനൽ മലയാളം സാമൂഹ്യ, സാംസ്കാരിക, സൌഹൃദ കൂട്ടായ്മയുടെ സാരഥികളിൽ ഒരാളുമായ  ശ്രീ ജോയ് ഗുരുവായൂരിന്റെ മറ്റൊരു കവിത ഗസ്റ്റ് പോസ്റ്റായി ഇവിടെ പ്രസിദ്ധീകരിക്കുന്നതിന് ഫിലിപ്‌സ്‌കോം സംഘാടകർക്ക്‌ അതിയായ സന്തോഷമുണ്ട്.

ഫിലിപ്‌സ്‌കോം വായനക്കാർക്കു ഇദ്ദേഹത്തെ പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ല,  കാരണം ഇദ്ദേഹത്തിൻറെ കൃതികൾ (ഗസ്റ്റ് പോസ്റ്റുകൾ) ഇതിനു മുൻപും ഈ പംക്തികളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തുമ്പികള്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഒന്നാം സമ്മാനാര്‍ഹമായ ഈ കവിത  മറ്റു ചില മലയാള ആനുകാലിക പ്രസിദ്ധീകരണങ്ങളിലും പ്രസിദ്ധീകൃതമായിട്ടുണ്ട്.  വായിക്കുക നിങ്ങളുടെ അഭിപ്രായം പങ്കു വെക്കുക.

എന്‍റെ പ്രിയപ്പെട്ട പെരിങ്കുരികില്‍*ക്കുഞ്ഞ്

എന്‍റെ പ്രിയപ്പെട്ട പെരിങ്കുരികില്‍ക്കുഞ്ഞേ,
ഇതായീനിമിഷം, തുടങ്ങുകയായി നിന്‍ദേശാടനം..
കടലുംകൊടുമുടികളും താഴ്വാരങ്ങളും താണ്ടി,
സൃഷ്ടിയുടെ ഈറ്റില്ലവുംതേടിയുള്ള നിന്‍റെ സഞ്ചാരം

നിന്‍ശ്രോത്രേന്ദ്രിയങ്ങളില്‍ ഞാനോതിയ വസ്തുതകളുടെ,
നേര്‍ക്കാഴ്ചകള്‍ നിന്നേ കാത്തിരിക്കുന്നു..
ദൃഷ്ടികള്‍ ചെന്നുപതിക്കുന്ന ഓരോ കാഴ്ചകളും,
അഭ്രപാളിയിലെന്നോണം നീ ഒപ്പിയെടുക്കവേണം.

മൂടല്‍മഞ്ഞുമൂടിയ കാഴ്ചകളുടെ വ്യക്തതയിലേക്ക്,
താഴ്ന്നുപറന്നുകൊണ്ടവയെ നീ കോരിനിറയ്ക്കുക.
കണ്ണുകളെ വഞ്ചിക്കാന്‍ശ്രമിക്കുന്ന കാഴ്ചകളുടെ,
അരികിലൊരിത്തിരിനേരം നീ വട്ടമിട്ടുപറക്കുക.

നീതിദേവതയുടെ കണ്ണുകള്‍ കെട്ടപ്പെടുന്നരീതികളും,
ആടിനെ പട്ടിയാക്കുവാന്‍ മെനയുന്ന തന്ത്രങ്ങളും,
ആളേമയക്കുന്ന ആള്‍ദൈവങ്ങളുടെ ഉള്ളറക്കേളികളും,
വെടിയേറ്റുവീഴുന്ന നിരായുധരുടെ വിലാപങ്ങളുമറിയാം.

കുഞ്ഞിന്‍റെ കരച്ചില്‍ കേവലം വിശപ്പുകൊണ്ടാവില്ലാ;
കുമാരിതന്‍ വിങ്ങലുകള്‍ ആര്‍ത്തവവേദനകൊണ്ടുമാവില്ലാ;
വിട്ടുവീഴ്ചകളില്ലാതെ നീയെല്ലാം ചൂഴ്ന്നുവീക്ഷിക്കണം..
നിന്നേയുമെന്നേയും അത്ഭുതത്തിലാഴ്ത്തും ഉണ്മകളറിയാന്‍.

മദ്ധ്യപൌരസ്ത്യദേശത്ത് പുകയുന്ന പീരങ്കികള്‍ക്ക്,
തീക്കൊളുത്തുന്നവരാരെന്ന് കണ്ടുപിടിക്ക നീ.
വംശീയയുദ്ധങ്ങളുടെ പ്രചാരകരാം തലതൊട്ടപ്പന്മാര്‍,
ഒരുമിച്ചിരുന്ന് ചൂതുകളിക്കുന്നയിടം കണ്ടെത്തുക നീ.

തിരഞ്ഞെടുപ്പുകളുടെ മുന്‍പുംപിന്‍പും നടക്കുന്ന,
ഗൂഢാലോചനകള്‍ നയിക്കുന്ന, ശുഭ്രവസ്ത്രധാരികളുടെ,
ഊരും പേരും കക്ഷിബന്ധങ്ങളും കുറിച്ചുവയ്ക്ക നീ..
മദ്യമദിരാക്ഷികള്‍ തീര്‍പ്പാക്കും ഉടമ്പടികള്‍ കാണുക നീ.

സമത്വം പ്രസംഗിക്കുന്നവരുടെ ഉരുക്കുകോട്ടകളിലും,
ഭക്തി വിറ്റുകാശാക്കുന്നവരുടെ അന്തപുരങ്ങളിലും,
കറുത്ത കോട്ടിട്ട്, അനീതിമെനയുന്ന ഇരുട്ടുഗുഹകളിലും,
ഒരു തന്ത്രശാലിയേപോലെ നീ കടന്നുചെല്ലണം.

കാഴ്ചകളുടെ സത്യങ്ങള്‍ തലച്ചോറില്‍കുറിച്ചുകൊണ്ട്,
ക്ഷീണം വകവയ്ക്കാതെ, നീ മടക്കയാത്ര തുടങ്ങണം.
വെള്ളാരംകല്ലുകള്‍തിളങ്ങുന്ന പര്‍വ്വതശിഖരങ്ങളില്‍,
നിന്‍റെ കൊക്കുകള്‍, ഉരച്ചു നീ മൂര്‍ച്ചവരുത്തണം.

തിരികേവന്ന് നീയെന്‍ തോളത്തിരിക്കുന്നമാത്രയില്‍,
നിന്നേ ഞാന്‍ വാത്സല്യത്തോടെയെന്‍ മാറോടണയ്ക്കും.
നിന്‍റെ വിശപ്പും ക്ഷീണവും മാറുന്നയതേ മാത്രയില്‍,
വഞ്ചകരെ കൊത്തിക്കീറാന്‍, വീണ്ടും നീ അയയ്ക്കപ്പെടും..

~ ജോയ് ഗുരുവായൂര്‍ 

*പെരിങ്കുരികില്‍ = പരുന്ത്


എഴുത്തുകാരനും ബ്ലോഗ്ഗറും കവിയും കഥാകാരനായ പ്രിയ മിത്രം ജോയി ഗുരുവായൂർ ഏരിയലിന്റെ കുറിപ്പുകൾ വായനക്കാർക്കായി പ്രസിദ്ധീകരിക്കുന്ന ഒരു കവിത. 

എഴുത്തുകാരൻറെ  ബ്ലോഗിലേക്കുള്ള വഴി ഇതാ ഇവിടെ: കൂട്ടുകാർ 

വായിച്ചു നിങ്ങളുടെ അഭിപ്രായം കമന്റു ബോക്സിൽ ഇടാൻ മറക്കില്ലല്ലോ.


കാലോചിതമായ ഒരു കവിതയും ഒരു പ്രതികരണവും ( A Timely Poem And A Response)

18 comments
കാലോചിതമായ ഒരു കവിതയും ഒരു പ്രതികരണവും 
ബ്ലോഗു മിത്രവും ഓൺലൈൻ സുഹൃത്തുമായ സാരോമ്മ അല്ലെങ്കിൽ സരോജ ടീച്ചർ എന്ന പേരിൽ അറിയപ്പെടുന്ന പ്രസിദ്ധ കവയിത്രിയും എഴുത്തുകാരിയുമായ സരോജ പഞ്ചവള്ളിയുടെ ഫേസ് ബുക്ക് പേജിൽ ഇന്ന് വായിച്ച ഒരു കവിത താഴെ കുറിക്കുന്നു.

ഒരിക്കൽ മിത്രമായിരുന്നവർ,ബന്ധുവായിരുന്നവർ,  കാലങ്ങൾ കടന്നു പോകുന്നതോടെ ശത്രുക്കളായി മാറുന്ന കാഴ്ച്ച കണ്ടു മനം നൊന്ത് എഴുതിയ വരികൾ എത്രയോ വാസ്തവം എന്ന് തോന്നിപ്പോയി. കാരണം എന്റേയും ജീവിതത്തിൽ ഇത്തരം തിക്താനുഭവനങ്ങളിലൂടെ കടന്നു പോയ നിമിഷങ്ങൾ നിരവധി, അവ ഒന്നൊന്നായി ഓർമ്മയിൽ ഓടിയെത്തി. 

കവിയുടെ ചിന്തകളോട് സമാനമായ അനുഭവങ്ങൾ സ്വജീവിതത്തിലും നിരവധി. ഇവിടെ ആരെയും പഴിച്ചിട്ടു കാര്യമില്ലല്ലോ അല്ലെ!

ഒരു എഴുത്തുകാരനോ എഴുത്തുകാരിയോ ആണെങ്കിൽ  അത് കവിതയോ കഥയോ ലേഖനമായോ വരികളായി പുറത്തു വരും അതിൻറെ ഒരു ഉത്തമ ഉദാഹരണമത്രേ കവയിത്രിയുടെ ഈ വരികൾ.

ഈ കവിത വായിച്ചപ്പോൾ പെട്ടെന്ന് എൻറെ മനസ്സിലൂടെ കടന്നു പോയ ചില ചിന്തകളുമാണ് ഈ കവിതക്ക് ശേഷം കുറിച്ചിട്ട വരികൾ.

ഒരു പക്ഷെ എല്ലാ മിത്രങ്ങളേയും ബന്ധുക്കളേയും ഈ പട്ടികയിൽ നിരത്തുവാൻ കഴിയില്ലെങ്കിലും, ഒരു നല്ല പങ്കും പണവും പ്രതാപവും വന്നു ചേരുമ്പോൾ അറിയാതെയോ അറിഞ്ഞോ  ഈ പട്ടികയിലേക്ക് വഴുതി വീഴുന്നു  എന്നതും ഒരു നഗ്ന സത്യമായി അവശേഷിക്കുന്നു എന്ന് പറയാതിരിക്കാൻ തരമില്ല.

നന്ദി ടീച്ചർ ഈ വരികൾക്കും ആശയങ്ങൾക്കും.
എഴുതുക അറിയിക്കുക.
നന്ദി നമസ്കാരം 
സസ്നേഹം 
ഫിലിപ്പ് ഏരിയൽ 
സിക്കന്തരാബാദ് 

ചില മിത്രങ്ങള്‍......
കൂടെയായ് നിന്നിട്ടു പിന്നിലൂടേ
ക്രൂരമായമ്പും തറച്ചിടുന്ന
കാലനാം മിത്രത്തെ കണ്ടറിയൂ
ഇന്നിന്‍റെ ശാപമാം ജീവിതത്തില്‍
മിത്രമായ്‌ വന്നങ്ങൊരേ വയറ്റില്‍
മക്കളായ്‌ വന്നിട്ടു ജാതരായാല്‍
എന്നുമേയാത്മാര്‍ത്ഥമായിരിക്കും
എന്നതും തെറ്റിദ്ധരിക്ക വേണ്ടാ.
മിത്രമായുള്ളോരെ കൂടാതെന്നും
ശത്രുവായ് മറ്റാരുമില്ലാ പാരില്‍
മിത്രമാണെന്നുള്ള സ്വപ്നമെല്ലാം
വ്യര്‍ത്ഥമാണെന്നങ്ങറിഞ്ഞു ഞാനും
നമ്മളെക്കൊണ്ടിനി കാര്യമൊന്നും
നേടുവാനില്ലെന്ന ചിന്ത വന്നാല്‍
വിസ്മരിച്ചീടുന്നു ചെയ്തതെല്ലാം
തീര്‍ത്തിടാന്‍ പോലും മടിക്കയില്ലാ
സ്വത്തിനും സമ്പാദ്യമായവയ്ക്കും
പങ്കിനായ് വന്നീടുമെന്ന ശങ്ക
കൊന്നിടും കൂടപ്പിറപ്പിനേയും
വന്നിടും പാരിന്‍റെ ശാപമായി
ഗോപ്യമായുള്ളോരു കാര്യമൊന്നും
വിശ്വസിച്ചേല്പിച്ചു പോയിടാതേ
വന്നിടും സന്താപമൊന്നൊരുക്കി
നമ്മുടേ നേര്‍ക്കതു സായകം പോല്‍
മാനസം വിങ്ങുന്ന വിങ്ങലെല്ലാം,
നീരസം മുറ്റി നശിച്ചിടാതാ
ജീവിതം ജീവിച്ചു തീര്‍ത്തിടാനായ്
കാത്തിടാനീശന്‍റെ കാല്‍ വണങ്ങാം.!

കവയിത്രി ശ്രീമതി സരോജത്തിന്റെ ഇന്നത്തെ ഫേസ് ബുക്ക് കുറിപ്പു (കവിത) വായിച്ചപ്പോൾ പെട്ടന്നു എൻറെ മനസ്സിൽ വന്ന വരികൾ ഞാൻ കുറിച്ചിട്ടു. അത് ഇതാ ഇവിടെ! 


കവിതക്കൊരു പ്രതികരണം 

കടലിലേ തിരമാല തള്ളി മറയുന്നു 
മനുജനും തിരകളെപ്പോലെ മറയുന്നു
ഇവിടെയീയുലകമിന്നെത്ര വിചിത്രം
ഒരുമയായിന്നോളം തുണനിന്ന മിത്രം
നാളെയെൻ ശത്രുവായ് മാറിടുന്നു
കാലക്കുതിപ്പിലാബന്ധങ്ങള്‍ പോലും
അണമുറിഞ്ഞിങ്ങനെയൊഴുകുകില്‍ കഷ്ടം 
തുഴയേന്തിയിത്തിരയ്ക്കൊത്തുനീങ്ങാന്‍ 
അശ്രാന്ത പരിശ്രമംതന്നെ വേണം,

~ ഏരിയൽ ഫിലിപ്പ്, സിക്കന്തരാബാദ് 

എഴുത്തുകാരിയുടെ ബ്ലോഗിലേക്കുള്ള വഴി ഇതാ ഇവിടെ:

സരോവര സ്മരണകൾ 




മിനി നർമ്മ കഥകൾ എന്ന പുസ്തകത്തിനൊരു അവലോകനം. Mininarmakathakal A Book Review

No Comments

മിനിനർമകഥകൾ - പുസ്തക അവലോകനം


മലയാളം ബ്ലോഗ് ഉലകത്തിൽ മിനി ടീച്ചർ എന്ന പേരിൽ ഏവർക്കും സുപരിചിതയായ  ശ്രീമതി കെ സൌമിനിയുടെ നാലാമത്തെ പുസ്തകമായ മിനി നർമ്മ കഥകൾ എന്ന പുസ്തകത്തിനൊരു അവലോകനം. 

പുസ്‌തകത്തിന്റെ കവർ പേജ് 

ഈ പുസ്തകത്തിനൊരു അവതാരിക എഴുതാൻ ടീച്ചർ എന്നോട് ആവശ്യപ്പെട്ടപ്പോൾ ഞാൻ ഒന്ന് അമ്പരന്നു.  കാരണം മറ്റൊന്നുമല്ല, ഇതുവരെ അങ്ങനെ ഒരു സംരഭത്തിന് ശ്രമിക്കുകയോ അതിനു ആരും ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല എന്നതു തന്നെ.  ടീച്ചറുടെ ആവശ്യം, എനിക്ക് എന്നിൽ തന്നെ ഒരു ആത്മ ധൈര്യം ലഭിക്കുന്നതിനു കാരണമാവുകയും അതിനു സമ്മതം മൂളുകയും ചെയ്തു.
പുസ്തകത്തിന്റെ പകർപ്പ് കയ്യിൽ കിട്ടി വായന തുടങ്ങിയപ്പോൾ തന്നെ എന്നിലെ കലാകാരൻ ഉറക്കമുണർന്നു. അറിയാവുന്ന ഭാഷയിൽ  ഒരുകുറി തയ്യാറാക്കി അയച്ചു കൊടുത്തു.  

ആമുഖം വായിച്ച ടീച്ചർ വളരെ സംതൃപ്തി പ്രകടിപ്പിച്ചു അന്നു തന്നെ എന്നെ ഫോണിൽ വിളിച്ചു ചാരിതാർഥ്യം അറിയിച്ചു. ഞാനും അത് കേട്ട് കൂടുതൽ സന്തോഷവാനായി.  ആ പുസ്തകത്തിനൊരു അവലോകനം കൂടി ഇവിടെ കുറിക്കുന്നതിലും ഞാൻ അതീവ സന്തുഷ്ടനാണ്.  ടീച്ചറെ അടുത്തറിയുന്ന സുഹൃത്തുക്കൾക്കു അവരുടെ നർമ്മ ബോധം എത്രയെന്നു വായിച്ചെടുക്കാനാകും, അതായത് ടീച്ചറുടെ മിനിലോകം ബ്ലോഗ് തന്നെ അതിനു ഉദാഹരണം.


സന്തോഷാതിരേകത്താൽ  ഉള്ളുതുറന്ന് പൊട്ടിച്ചിരിക്കുന്ന ഒരു കൂട്ടം മനുഷ്യരെ ഉൾപ്പെടുത്തിയുള്ള  കവർ ചിത്രത്തിൽ പൊതിഞ്ഞ പുസ്തകം ഉള്ളടക്കം പോലെ തന്നെ ആകർഷകമായിരിക്കുന്നു  എന്നു കുറിച്ചാൽ അതിൽ അതിശയോക്തി ഒട്ടും
ഇല്ല തന്നെ.  കവർചിത്രത്തിൽ കാണുന്നതുപോലെ എല്ലാ പ്രായക്കാരും കഥകളിലെ ഉള്ളടക്കത്തിലും ഉണ്ട്. 


ആമുഖത്തിൽ ഞാൻ സൂചിപ്പിച്ചതുപോലെ, ദൈനം ദിന ജീവിതത്തിലെ ചെറിയ ചെറിയ സംഭവങ്ങളും അനുഭവങ്ങളും നർമ്മത്തിൽ ചാലിച്ചു രൂപപ്പെടുത്തിയ രസകരമായ ഈ കഥകൾ ജീവിതത്തിലെ തിരക്കിനിടയിൽ ചിരിക്കാൻ മറന്നവർക്ക് പൊട്ടിച്ചിരിക്കാൻ  വക നൽകുന്നവ തന്നെ.  അതെ ചിരിയുടെ മാലപ്പടക്കങ്ങൾ കോർത്തിണക്കിയ ഒരു പുസ്തകം അതാണ് ശ്രീമതി 
കെ.എസ്. മിനിയുടെ "മിനിനർമകഥകൾ" എന്ന പുസ്തകം.  


ചിരിയുടെ ലോകം മറന്നുകൊണ്ടിരിക്കുന്ന, ഹാസ്യരചനകൾ കുറഞ്ഞുകൊണ്ടിരിക്കുന്ന കാലത്ത്  വായനക്കാരെ ചിരിയുടെ ലോകത്തേക്ക് കൈപിടിച്ച് കൊണ്ടുവരുന്ന പുസ്തകമാണിത് എന്നു തറപ്പിച്ചു പറയാം.


മലയാള ഭാഷയിൽ ഹാസ്യ സാഹിത്യകാരന്മാർ കുറഞ്ഞുകൊണ്ടിരിക്കുന്ന, സ്ത്രീകൾ ഹാസ്യരചനകളിൽ നിന്ന് പിന്നോക്കം പോയിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് എല്ലാവരെയും  ഒരുപോലെ ചിരിപ്പിക്കുന്ന മിനിനർമകഥകൾ 
പിറവിയെടുത്തത്.   ഇന്ന്  ഹാസ്യം എന്നത് വെറും ‘കോമഡി ഷോകൾ’ മാത്രമായി ചുരുങ്ങുമ്പോൾ ഇങ്ങനെയൊരു രചന മലയാളത്തിനൊരു മുതൽക്കൂട്ടു തന്നെ. 


ടീച്ചറുടെ ആദ്യരചനകളിൽ രണ്ടെണ്ണം ഹാസ്യകഥകളാണ്,, "അനിയൻബാബു ചേട്ടൻ‌ബാബു",  "മനസ്സിൽ ലഡ്ഡുപൊട്ടുമ്പോൾ" എന്നിവയാണ് അവ. അവയിലെ കഥകൾ ഹാസ്യം ചേർത്ത് രചിച്ച കഥകളാണെങ്കിൽ ഈ പുസ്തകത്തിൽ ഹാസ്യം മാത്രമേ ഉള്ളൂ,, ചുരുക്കത്തിൽ ആദ്യാവസാനം ചിരിമയം.


‘മിനിനർമം’ എന്ന ബ്ലോഗെഴുത്തിൽ തുടങ്ങിയതാണ് ശ്രീമതി കെ.എസ് മിനിയുടെ ഹാസ്യ ആവിഷ്ക്കരണം. അവരുടെ രചനകളുടെ പ്രത്യേകത വായനക്കാരും കഥയോടൊപ്പം സഞ്ചരിക്കുന്നു, എന്നതാണ്. നമ്മുടെ നിത്യജീവിതത്തിൽ കാണുന്ന പലരേയും ഇതിൽ കാണുവാൻ  കഴിയും. നാടൻ പാലിനുവേണ്ടി വാശിപിടിക്കുന്ന വീട്ടമ്മമാർ, അതാണെന്ന് വിശ്വസിച്ച് മിൽമ പാലും വാങ്ങി സന്തോഷത്തോടെ പോകുമ്പോൾ വായനക്കാരനും കൂട്ടത്തിൽ ഒരാളായി മാറി ചിരിക്കുന്നു. 


പുസ്തകത്തിലെ പകുതിയോളം കഥകളിൽ കഥാപാത്രമായി എഴുത്തുകാരിയും ഒപ്പം ഉണ്ട്. ഞാൻ, എന്റെ തുടങ്ങിയ പ്രയോഗങ്ങൾ കഥയിൽ വരുമ്പോൾ വായനക്കാരുടെ മനസ്സിലേക്ക് കഥാപാത്രം ‘പരകായപ്രവേശനം’ നടത്തുകയാണ്. അപ്പോൾ കഥാഗതിയോടൊപ്പം വായനക്കാരും സഞ്ചരിച്ച് കഥാരംഗം മനസ്സിൽ ഉയരുമ്പോൾ ഉള്ളുതുറന്ന് ചിരിക്കുന്നു. വായിച്ചത് വീണ്ടും‌വീണ്ടും ഓർത്ത് ചിരിക്കുന്നതോടൊപ്പം പുസ്തകം തുറന്ന് ഒരിക്കൽ‌കൂടി വായിക്കാൻ അത് പ്രേരണ നൽകുന്നു.


‘പാട്ടിന്റെ പാലാഴി ഒഴുകിയപ്പോൾ’ തുടങ്ങി ‘പട്ടിയും ആധാരവും പിന്നെ ഞാനും’ ചേർന്ന് അവസാനിക്കുന്ന 51 ചിരിമുത്തുകൾ നിറഞ്ഞതാണ് ‘മിനിനർമകഥകൾ’. പുസ്തകപ്രകാശന വേദിയിൽ വെച്ച് പറഞ്ഞുകേട്ടത്, ‘എല്ലാ കഥകളും വായിച്ചിട്ടും ചിരി വന്നില്ലെങ്കിൽ അയാൾക്ക് പുസ്തകത്തിന്റെ പണം തിരികെ കൊടുക്കും’ എന്നായിരുന്നു. എന്നാൽ ഞാൻ പറയുന്നത് ഈ പുസ്തകത്തിലെ ഏല്ലാ കഥകളും വായിക്കുന്നവരെ പൊട്ടിച്ചിരിപ്പിക്കുക തന്നെ ചെയ്യും എന്നതാണ്.


 ഇക്കൂട്ടത്തിൽ പൊട്ടിച്ചിരിക്കൊപ്പം  ചിന്തിപ്പിക്കുന്ന പൊള്ളുന്ന ഹാസ്യരചനകളും ഉണ്ട്. അതിലൊന്നാണ് ‘പീഡനം ഒരു തുടർക്കഥ’. വെറും 11 വരികളിൽ എഴുതിയ ഈ ഹാസ്യകഥ ചിരിയോടൊപ്പം ചിന്തിക്കാനും പ്രേരിപ്പിക്കുന്നു. അതുപോലെയുള്ള മറ്റൊരു കഥയാണ് ‘പ്രസവ വാർഡിൽ കേട്ടത്’.  ജനിക്കുന്നതിനു മുൻപെ കുട്ടിക്ക് അച്ഛന്റെ കാര്യങ്ങളൊക്കെ അറിയണം. അച്ഛൻ  വലിയൊരു കോടിശ്വരൻ 
ആണെന്നറിഞ്ഞ ഗർഭസ്ഥശിശു സന്തോഷിക്കുന്നു. ഒടുവിൽ  കിടക്കുന്നത് കോടീശ്വരന്റെ വേലക്കാരിയുടെ വയറ്റിലാണെന്ന് അറിയുന്ന നിമിഷം കുഞ്ഞ് ആകെ ഞെട്ടിയിട്ട് ഞാനങ്ങോട്ടേക്കില്ല, എന്ന് ചിന്തിക്കാനുള്ള അവസ്ഥ ഉണ്ടാകുന്നു. വളരെ തന്മയത്വത്തോടെ എഴുത്തുകാരി അതിവിടെ അവതരിപ്പിച്ചത് ചിരിക്കു വക നൽകുന്നു.


അതുപോലെ വേലക്കാരി വീട്ടുകാരനേയും കൂട്ടി ഇറങ്ങിപ്പോവുന്ന സാഹചര്യം വരുത്തുന്ന വീട്,,, അതൊരു മാതൃകാപരമായ സൂചന നൽകുന്ന കഥയാണ്, ‘വേലക്കാരി അഥവാ വീട്ടുകാരി’ ‘അദ്ദേഹത്തിന്റെ കാര്യമോർത്ത് ചേച്ചി ഒട്ടും വിഷമിക്കേണ്ട, ഇത്തവണ ഞാൻ ചേട്ടനെയും കൊണ്ടുപോകും’ എന്നു പറയുന്ന തന്റേടത്തിലേക്ക് വേലക്കാരി എത്തുന്നു. ഇവിടെ ദുർബലയായ ഒരു വീട്ടമ്മ,, അതിന്റെ കാരണക്കാർ ആരെന്ന് വീട്ടമ്മമാരെ ഇരുത്തി ചിന്തിപ്പിക്കുന്ന കഥയാണ്. 


രണ്ടായാൽ നിർത്തുക, വളഞ്ഞ വഴികൾ എന്നിവ വായനാസുഖമുള്ള നർമ്മകഥകളാണ്. നമ്മുടെ പണാധിപത്യം എവിടെ എത്തിനിൽക്കുന്നു, എന്ന് തിരിച്ചറിയേണ്ട കഥയാണ്, ‘കൊട്ടേഷൻ’. കൊട്ടേഷൻ സംഘം ജീവച്ഛവമാക്കി മാറ്റേണ്ടത് അതിന് നിർദ്ദേശിക്കുന്ന സ്ത്രീയുടെ ഭർത്താവിനെ ആണെന്ന് അറിയുമ്പോൾ കൊട്ടേഷൻ നേതാവ് പോലും ഞെട്ടിപ്പോകുന്നു. അതിന്റെ ദൂരവ്യാപ്തി എത്രയാണെന്ന് പറഞ്ഞറിയിക്കാനാവുമോ? ഇത് നമ്മുടെ നാടിൻറെ മറ്റൊരു അവസ്ഥാ വിശേഷം അല്ലെ എന്ന് ഭയത്തോടെ ചിന്തിക്കുവാൻ വായനക്കാരെ പ്രേരിതരാക്കുന്നു.


ചിരിയുടെ വെടിക്കെട്ട് ഉതിർക്കാൻ ഇടവരുത്തുന്ന ഹാസ്യാനുഭവങ്ങളാണ് ഓരോ കഥയും വായനക്കാർക്ക് നൽകുന്നത്. കഥാപാത്രങ്ങൾ ചിരിക്കാതെ വായനക്കാരെ പൊട്ടിച്ചിരിപ്പിക്കുന്ന സൂത്രമാണ് മിനിനർമകഥകളിൽ ഒളിപ്പിച്ചിട്ടുള്ളത്. അതിന് ഉദാഹരണമാണ് ആദ്യ കഥയായ ‘പാട്ടിന്റെ പാലാഴി ഒഴുകിയപ്പോൾ’. വെറും രണ്ടുപേരാണ് രംഗത്തു വരുന്നത്; ഒരാൾ ഭദ്രകാളി
യുടെ രൂപത്തിൽ പൊട്ടിയ കയറുമായി വളരെ ദേഷ്യത്തോടെ വരുമ്പോൾ മറ്റേയാൾ ഭയപ്പെടുന്നു. അത് വായിച്ചു കഴിയുമ്പോൾ വായനക്കാരന്റെ ഉള്ളിൽ ചിരിയുടെ മധുരം ഉയരുന്നു. 


ഈ കഥകൾ വായിക്കുന്നവർക്ക്മ പുറം ലോകം  കണ്ണൂരിനെ ഭീകരതയുടെ നോക്കുന്നവർക്ക് അതങ്ങനെയല്ല എന്ന് നിശബ്ദമായി പറയുകയായണ് ഈ വരികൾ.  മലയാള സാഹിത്യത്തിൽ നർമ്മത്തിന് വളക്കൂറുള്ളതാണ് വടക്കെ കണ്ണൂരെന്ന് എല്ലാവരും അറിയട്ടെ. സഞ്ജയന്റെ നാട്ടിൽനിന്നും ഹാസ്യം വേരറ്റുപോയിട്ടില്ലെന്ന് ഇനിയും നമുക്ക് ആശ്വസിക്കാം.   ചുരുക്കത്തിൽ എഴുതാനുള്ള വഴിയും വഴക്കവും കൈവന്ന പ്രതിഭയുടെ തിളക്കം മിനിനർമകഥകളെ വിലപ്പെട്ടതാക്കുന്നു.


ഇനിയും നിരവധി ഈടുറ്റ സൃഷ്ടികൾ ഈ പ്രതിഭയിൽ നിന്ന് കൈരളിക്കു ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.


ഈ പുസ്‌തകത്തിന്റെ പ്രസാധനം ഏറ്റെടുത്ത്  അതിമനോഹരമായി പുറത്തിറക്കിയ സി.എൽ.എസ് ബുക്ക്സ്ൻറെ അധിപ ശ്രീമതി ലീലാ എം ചന്ദ്രനും  അഭിനന്ദനങ്ങൾ അർഹിക്കുന്നു.  ഒപ്പം കഥകൾക്കൊപ്പം രസം പകരുന്നു ചിത്രം രൂപപ്പെടുത്തിയ  കാർട്ടൂണിസ്റ്റ് ദ്വിജിത്തും അഭിനന്ദനം അർഹിക്കുന്നു. 

ഈ പുസ്തക പ്രകാശനത്തിൽ എളിയ നിലയിൽ  ഒരു പങ്കു വഹിക്കാൻ കഴിഞ്ഞു എന്നുള്ളതിൽ ഈയുള്ളവനും അതീവ സംതൃപ്തനാണ്.


പുതുവർഷ ദിനത്തിൽ ‘ചിലങ്ക സാംസ്ക്കാരിക കലാവേദി, കണ്ണൂർ’ മിനി ടീച്ചറുടെ സാഹിത്യപ്രവർത്തനത്തെ  അനുമോദിച്ചു ആദരിക്കുന്നു.

മിനിനർമകഥകൾ

എഴുത്തുകാരി. ശ്രീമതി കെ സൗമിനി 
അവതാരിക: ഫിലിപ്പ് വറുഗീസ്  'ഏരിയൽ'
കവർ: കാർട്ടൂണിസ്റ്റ് ദ്വിജിത്ത്,
പ്രസാധകർ: സി.എൽ.എസ് ബുക്ക്സ്, തളിപ്പറമ്പ്,
51 ഹാസ്യകഥകൾ, 108 പേജ്, 100 രൂപ

(ഈ ഹാസ്യപുസ്തകം വായിച്ചുരസിക്കാൻ താല്പര്യമുള്ളവർക്ക് ഇന്ത്യയിലെവിടെയും വി.പി.പി. ആയി അയച്ചുകൊടുക്കുന്നുണ്ട്. ആവശ്യമുള്ളവർ പിൻ‌കോഡും ഫോൺ‌നമ്പറും, അഡ്രസും സഹിതം 9847842669 എന്ന മൊബൈൽ നമ്പറിൽ മെസേജ് ആയക്കുക. souminik@gmail.com  എന്ന ഐഡിയിലും അഡ്രസ് മെയിൽ ചെയ്യാം.)





2 comments

പ്രസിദ്ധ കഥാകൃത്തും ബ്ലോഗറുമായ ശ്രീ ജോയ് ഗുരുവായൂരിൻറെ ഏറ്റവും പുതിയ കഥ ഒരു ഗസ്റ്റ് പോസ്റ്റായി ഇവിടെ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞതിൽ അത്യധികം സന്തോഷിക്കുന്നു. എഴുത്തുകാരനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കഥക്കൊടുവിൽ ചേർത്തിരിക്കുന്നത് ശ്രദ്ധിക്കുക.

തിരുശേഷിപ്പ്



"ന്‍റെ കുട്ടന്‍ കരയേണ്ടാട്ടോ... മുത്തച്ഛന്‍ മോന് ഓലപ്പീപ്പിയുണ്ടാക്കിത്തരാലോ? അതോ, പമ്പരം മതിയോ?.."
ക്ലാസ്പരീക്ഷയില്‍ ഒന്നാംറാങ്ക് നഷ്ടപ്പെട്ടതിന് അമ്മയുടെ കൈയില്‍നിന്നുകിട്ടിയ അടിയുടെ വേദനയില്‍ ഓടിവന്ന് മുത്തച്ഛന്‍റെ മടിയിലിരുന്നു എങ്ങലടിച്ചുകൊണ്ടിരിക്കുകയായിരുന്നു ഗോപിക്കുട്ടന്‍. ആ സാന്ത്വനവാക്കുകള്‍ അവനെ സുസ്മേരവദനനാക്കി. മുത്തച്ഛന്‍റെ വേഷ്ടിയുടെ കോന്തലയെടുത്ത് കണ്ണുകള്‍തുടച്ചു.
"മുത്തച്ഛാ.. നോവുന്നൂ.. " കാല്‍വണ്ണയിലെ ചൂരല്‍പ്പാടുകളില്‍ വിരലോടിച്ചുകൊണ്ട് ഗോപിക്കുട്ടന്‍ പറഞ്ഞു.
"സാരല്ല്യാ കുട്ട്യേ.. മുത്തച്ഛന്‍ മരുന്നുതേച്ചുതരാട്ടോ.. വേദനയൊക്കെ ഭും ന്നുപറഞ്ഞപോലെ പോവില്ല്യേ.."
വേലിയില്‍നിന്നിരുന്ന ഔഷധച്ചെടികളില്‍നിന്നും ഏതാനും പച്ചിലകള്‍ പറിച്ച് കയ്യിലിട്ടുതിരുമ്മി അതിന്‍റെ നീര്, മുറിവുകളില്‍ ഇറ്റിച്ചപ്പോള്‍ നീറ്റല്‍കൊണ്ട് "മുത്തച്ഛാ.." എന്നുറക്കേവിളിച്ച് ഗോപിക്കുട്ടന്‍ കണ്ണുകള്‍ ഇറുകേയടച്ചു.
"ഇല്ലെടാ കുട്ടാ.. വേദനയൊക്കെ ഇപ്പ പമ്പകടക്കുംട്ടോ.. അവളേനേയ്.. ഇന്നുരാത്രി നമുക്ക് വെളിച്ചത്ത് ചോറുകൊടുത്ത് ഇരുട്ടത്തുകെടത്താംട്ടോ.. ന്‍റെ കുട്ടീനെ തല്ല്യേക്ക്ണൂ.. അസത്ത്" എന്നുപറഞ്ഞുകൊണ്ടു അയാളവനെ മാറോടണച്ചു.
"അച്ഛാ.. ഗോപിക്കുട്ടന്‍ അവിടെ എന്തെടുക്കുവാ?.. പഠിക്കാതെ അവിടെയുമിവിടേയും കറങ്ങി നടക്കുവാ.. " മകനെ അന്വേഷിച്ചുകൊണ്ടു കൈയാലയിലേക്ക് നടന്നുവരുന്ന സുഷമ.
"ദേ.. പൊക്കോ ഇവിടേന്ന്.. ഹും.. കുട്ടിയെ തല്ലിച്ചതച്ചിട്ട് കാര്യംപറയാന്‍ വന്നേക്ക്ണോ.. അവനിപ്പോ പഠിക്ക്ണില്ല്യാ.. നാളെ സ്കൂളൊന്നും ഇല്ല്യല്ലോ.. ഹും.." ഈര്‍ഷ്യയോടെ രാമകൃഷ്ണന്‍ മകളോടുപറഞ്ഞു.
"ഈ അച്ഛന്‍ തന്ന്യാ അവനെ ഇത്രേം വഷളാക്കണേ.. കണ്ടില്ല്യേ.. ആ മമ്പാട്ടെ കുട്ടിക്കാ ഇപ്രാവ്ശ്യോം ക്ലാസില്‍ ഫസ്റ്റ്.. ഇവനെന്തിന്റെ കൊറവുണ്ടായിട്ടാ.. വന്നുവന്ന് കുഴിമടിയനായിരിക്കുന്നു ഇവന്‍.. മനുഷ്യരെ നാണം കെടുത്താനായിട്ട്‌..അവന്‍റെ അച്ഛന്റെ ഫോണ്‍വരുമ്പോളിനി അച്ഛന്‍ തന്നെയങ്ങ് സംസാരിച്ചോണേ.. ഇനിക്ക് വയ്യാ.. അങ്ങേരുടെ വായീന്നുവരണത് കേക്കാന്‍.." സുഷമയുടെ മുഖത്ത് പുച്ഛം.
"ന്‍റെ വായീന്നൊന്നും കേക്കണ്ടാച്ചാല്‍... നീയിപ്പോ ന്‍റെ മുന്നീന്ന് പൊക്കോ.. പിന്നേ.. കൊച്ചിലേ കുട്ട്യോള്‍ക്ക് ഒരു സ്വൈര്യോം കൊടുക്കില്ലാ.. അവനൊരുപ്രാവശ്യം രണ്ടാമനായീന്നുവച്ചിട്ട് എന്താപ്പോ.. ആകാശം ഇടിഞ്ഞുവിഴോ? കുട്ട്യോളായാല്‍ അങ്ങന്യൊക്കെണ്ടാവും.. അതിനു തല്ലിച്ചതയ്ക്കല്ലാ വേണ്ടേ.. ഇനീന്‍റെ കുട്ടീനെ തല്ല്യാലുണ്ടല്ലോ... ഹും.. ന്‍റെ സ്വഭാവങ്ങട് മാറും.. പറഞ്ഞേക്കാം.. പഠിക്കണകാലത്ത് ആ കിട്ടുണ്ണിമാഷ്‌ടെ കയ്യീന്നു ദെവസേന നല്ല പൂശുവാങ്ങ്യേര്‍ന്നോളല്ലേ നീയ്യ്യ്... ന്നട്ട് കുട്ടിക്ക് കുറ്റം.. വേണ്ടാ.. ന്നെക്കൊണ്ടൊന്നും പറേപ്പിക്കണ്ടാ.." രാമകൃഷ്ണന്‍ കലിതുള്ളിയതുകണ്ടപ്പോള്‍ ചുണ്ടുകൊണ്ട് കോക്രികാണിച്ച് സുഷമ അകത്തേക്കുപോയി
"അല്ലാ.. മുത്തച്ഛനും കൊച്ചുമകനുംകൂടി എന്തോ വലിയ സ്വകാര്യത്തിലാണെന്നു തോന്നുന്നൂ.." രാമകൃഷ്ണന്‍ ശബ്ദംകേട്ടിടത്തേക്ക് നോക്കിയപ്പോള്‍ തന്‍റെ കൂട്ടുകാരനും സഹപാഠിയുമായ വേണുനായര്‍ പടിപ്പുരകടന്നുവരുന്നതുകണ്ടു..
"ഒന്നും പറയേണ്ടാ ന്‍റെ വേണ്വോ.. ഇപ്പഴത്തെ കുട്ട്യോള്‍ടെ ഓരോ കഷ്ടപ്പാടുകളേ.. മൊട്ടയില്‍നിന്നും വിരിഞ്ഞിട്ടില്ല്യാ.. അപ്പോഴേക്കും തൊടങ്ങും മത്സരം.. പാന്‍റും ടൈയും പാപ്പാസും പത്തുകിലോന്റെ പുസ്തകസഞ്ച്യൂം ഒക്കെയായി കൂനിക്കൂടിയൊരു പള്ളിക്കൂടംപോക്കും.. വീട്ടില്‍വന്നാല്‍ പുസ്തകത്തില്‍നിന്നു തലപൊക്കാന്‍പറ്റാത്തവിധ്വോള്ള എഴുത്തും പഠിപ്പും.. ദെവസേന പരീക്ഷയും..വല്ല്യേ കഷ്ടം തന്നേ.. ശിവ ശിവാ.."
"രാമു പറഞ്ഞത് നേരാ.. ഇപ്പളത്തെ പിള്ളേര്‍ക്ക് വെറും പഠിപ്പ് തന്നെയായതുകൊണ്ട് നമ്മളെപ്പോലുള്ളവരോടൊന്നും മിണ്ടാനുംമുറിക്കാനുമൊന്നും നേരമേയില്ലാ.. എന്നിട്ടുവേണ്ടേ ബഹുമാനിക്കാന്‍.. എന്തിലും ഒന്നാമാതാവാനുള്ള ഈ ഓട്ടം കുട്ട്യോളെ എവിടേക്കാണാവോ കൊണ്ടെത്തിക്ക്യാ.."
"അല്ലാ വേണ്വോ.. ഞാനോരൂട്ടം ചോദിക്കട്ടേ.. എന്‍റെ മോനും നിന്‍റെ മോനും പഠിച്ച് നല്ലമാര്‍ക്കോടെ പാസ്സായത്‌, ഞാനോ നീയോ തല്ലിപ്പഴുപ്പിച്ചിട്ട് ആയിരുന്നോ?.. ഇടക്കൊക്കെ ടീച്ചര്‍മാരുടെ കൈയില്‍നിന്നും ചൂരല്‍പ്പഴങ്ങള്‍ കിട്ടാറുണ്ട് എന്നൊഴിച്ചാല്‍ അവരൊക്കെ ഇപ്പളത്തെ പിള്ളേരടെ അത്രേം ദുരിതം അനുഭവിച്ചിട്ടുണ്ടോ? പുത്യ ഈ രീത്യോളൊക്കെ കുട്ട്യോളെ നശിപ്പിക്ക്യെ ഉള്ളൂ.. "
"ന്‍റെ രാമൂ.. അതൊക്കെപോട്ടേ.. നമ്മളുടെ കാര്യം തന്നെയെടുക്ക്വാ.. പള്ളിക്കൂടത്തിലേക്ക് പോകുന്നവഴി കണ്ടവരുടെ മാവേലെറിയേം, തോട്ടീന്നു മീന്‍പിടിക്കേം, കശുമാവുകളില്‍ വലിഞ്ഞുകേറേം ഒക്കെ ചെയ്തിരുന്നവരാ നമ്മള്‍.. എന്നിട്ടുംനമ്മള്‍ തരക്കേടില്ലാതെ പഠിച്ചു. ചെറിയൊരു മനക്കണക്കുകൂട്ടാന്‍വരേ ഇപ്പോഴത്തെ വല്ലപിള്ളേര്‍ക്കും അറിയുമോ? മുപ്പത്തഞ്ചും ഇരുപത്ത്യേഴും എത്ര്യാന്നു ചോദിച്ചാല്‍ അവര് മേപ്പോട്ടുനോക്കും അത്ര തന്നേ.. ഹ ഹ ഹ ഹ"
"തിരോന്തരത്തുള്ള സ്കൂളിലെ ഒരു കൊച്ചു കുട്ട്യേ, ക്ലാസ്സില് വര്‍ത്താനം പറഞ്ഞേന് ഒരു താടക, നാലുമണിക്കൂറ് പട്ടിക്കൂട്ടില്‍ അടച്ചിട്ടൂത്രേ!.. ഇവളുമാരെയൊക്കെ തുണിയുരിഞ്ഞിട്ട് മുക്കാലിയില്‍കെട്ടി അടിക്ക്യാണ് വേണ്ടേ.." രാമകൃഷ്ണന്‍ രോഷംകൊണ്ടു.
"അതല്ല ഏറെ കഷ്ടം.. പരീക്ഷേല് മാര്‍ക്ക് കൊറഞ്ഞേന് എത്രപിള്ളേരാ ആത്മഹത്യചെയ്യണേന്നു രാമൂന് അറിയ്വോ? .. അത്രക്ക് മാനസികപീഡനങ്ങള്‍ ഇന്നത്തെ കുട്ട്യോള് അനുഭവിക്ക്ണുണ്ട്ന്നല്ലേ അതിന്‍റെ അര്‍ത്ഥം?.. കുട്ട്യോളെ വെറും മാര്‍ക്കുവാങ്ങുന്ന യന്ത്രങ്ങളായാണ് മാതാപിതാക്കളും ടീച്ചര്‍മാരും കണക്കാക്കണേ.. തങ്ങളുടെ കുട്ട്യോള്‍ക്ക് മാര്‍ക്ക് കൊറഞ്ഞാല്‍ മറ്റുള്ളോരുടെ മുന്നില്‍ അവര്‍ക്കു വല്ല്യകൊറച്ചിലാത്രേ.. അതോണ്ട്, കുട്ട്യോളെ തല്ലി, രാവും പകലും ശ്വാസംവിടാന്‍പോലുംകൊടുക്കാതെ അവര്‍ പഠിപ്പിക്കുന്നു."
"വേണ്വോ.. നെനക്കറിയാലോ.. വലിയ എഞ്ചിനീയര്‍ ആയിട്ടല്ലാ നീയും ഞാനുമൊക്കെ ഇതേവരെ സുഖായിട്ട് ജീവിച്ചേ.. മണ്ണില്‍ നന്നായിപണിയെടുത്ത് കൃഷിചെയ്ത് കാശുണ്ടാക്കി, ആരുടേയും കാലുപിടിക്കാതെ നല്ല അന്തസ്സോടെത്തന്നെയല്ലേ കുട്ട്യോളെ വളര്‍ത്തിവലുതാക്കേം കുടുംബംനോക്കേം ഒക്കെ ചെയ്തേ?.. ഇപ്പോഴും ഈ എണ്‍പത്ത്രണ്ടാം വയസ്സിലും, രാവിലെ എണീറ്റവഴി കൈക്കോട്ടെടുത്ത് പറമ്പില് നാലുകെള കെളച്ചില്ലെങ്കില്‍ ഇനിക്കൊരു സുഖോം ഉണ്ടാവില്ല്യാ.. ഇന്നത്തെ വാല്യേക്കാര്‍ക്ക് കൈക്കോട്ട് എങ്ങന്യാ പിടിക്ക്യാന്നുപോലും അറിയ്വോ?.."
"ശരിയാ രാമൂ.. ജനിച്ചേമൊതലുള്ള ഈ നെട്ടോട്ടത്തിനെടേല് ഇക്കാലത്ത് മേലനങ്ങിപണിയെടുക്കാന്‍ ആളോള് മറന്നുപോകുന്നു.. സര്‍വ്വരും കമ്പ്യൂട്ടറിനും ഗവേഷണങ്ങള്‍ക്കുംപുറകേ പായുന്നതുകൊണ്ട് ആരോഗ്യംനശിച്ച് രോഗ്യോളായി മാറിക്കൊണ്ടിരിക്കുന്നു. ഇന്നേവരെ ഒരു ഇംഗ്ലീഷ് മരുന്നുപോലും ഞാന്‍ കഴിച്ചിട്ടില്ല്യാ.. എന്തിന്.. ഈ വയസ്സു വരേം ഇനിക്കൊരു ദേനക്കേടുപോലും ഒണ്ടായതായി ഓര്‍മ്മേല്ല്യാ.. ഇപ്പ്ളത്തെകാലത്ത് എന്തിനും ഏതിനും കണ്ണീക്കണ്ട രാസപദാര്‍ത്ഥങ്ങള്‍ അണ്ണാക്കില്‍ തിരുകിയില്ല്യേല്‍ ആളോള്‍ക്ക് ഒരു സമാധാനോം കിട്ടില്ല്യാ.."
"അതന്നേ വേണ്വോ.. പണ്ടത്തെ കുത്തരിച്ചോറും, അമ്മിക്കല്ലിലരച്ച ചമ്മന്ത്യൂം, തൊടീല്ണ്ടായ പച്ചക്കറികളോണ്ടുള്ള കൂട്ടാനോളും കൂട്ടിയുള്ള ഊണിന്‍റെ ചൊടിയും സ്വാദും ഇന്നത്തെ ആഹാരങ്ങള്‍ക്കുണ്ടോ? വെളവുണ്ടാക്കുന്നതിലും മത്സരംതന്നേ.. രാസവളങ്ങള്‍ചേര്‍ത്തും കീടനാശിനികള്‍തെളിച്ചും മണ്ണിനെ തോല്പ്പിച്ചോണ്ട് ഇന്നുണ്ടാക്കണ വെളവുകള്‍ കഴിക്കുന്ന മനുഷ്യര്‍ത്തന്ന്യല്ലേ ശെരിക്കും ജീവിതത്തില് തോല്ക്കണേ.. കാന്‍സറും അള്‍സറും മാറാവ്യാധ്യോളുമായി മൂപ്പെത്തണേലും മുമ്പങ്ങുമേലോട്ടെടുക്കുന്നൂ .. അതൊക്കെ പോട്ടേ.. പണ്ടത്തെപ്പോലെ നന്നായൊന്നു മുങ്ങിക്കുളിക്കണച്ചാല്‍ പൊഴയൊക്കെ ഫാക്റ്ററ്യോളീന്നുവരണ കീലും എണ്ണയും മൂടിക്കെടക്കണൂ... കൃഷിക്ക് നനയ്ക്കാന്‍വരേ ആ വെള്ളം കൊള്ളില്ലാ.. കലികാലം.. അല്ലാതെന്താ.."
"ന്‍റെ മോന്‍ ഒന്നാംറാങ്ക് കിട്ട്യ വല്ല്യേ എഞ്ചിനീയര്‍ ആണെന്നുപറഞ്ഞിട്ട് എന്തുകാര്യം.. അവനു സ്വന്തം കുടുമ്മതോടൊപ്പം ജീവിക്ക്യാനുള്ള വിധീണ്ടോ രാമൂ..? ഓരോവര്‍ഷോം അവധിക്കായി കൊറച്ചുദെവസത്തേക്ക് ഓടിവരും.. പിന്നെയൊരു ജഗപൊക.. മനസ്സമാധാനത്തില് കൊറച്ചുനേരം ഉമ്മറത്ത് കാറ്റുംകൊണ്ടുകെടക്കാനുള്ള സമയംവരെ അവനുകിട്ടാറില്ല്യാ.. അങ്ങടുമിങ്ങടുമൊക്കെ ഓടിപ്പാഞ്ഞുവരുമ്പളയ്ക്കും തിരിച്ചുപോവാള്ള ദെവസാവും.. കുട്ട്യോള്‍ടൊപ്പം ജീവിക്കാന്‍കഴ്യാതെ കൊറേ കാശുണ്ടാക്കീട്ടു ആളോളുടെമുന്നില്‍ കേമനാവാന്‍വേണ്ടി ഇങ്ങനെ അന്യനാട്ടില്‍ പോയിക്കെടന്നു കഷ്ടപ്പെട്ടിട്ടു എന്തുകാര്യം? കുട്ട്യോള്‍ക്ക് അച്ഛനമ്മമാരോട് സ്നേഹമൊണ്ടാവണങ്കില്‍ അവരടെ ചൂട്പറ്റിത്തന്നെ വളരണം. അല്ലെങ്കില്‍ നാട്ടാരെ കാണണപോല്യേ തന്തേം തള്ളേന്യൂം അവര് കാണൂ.."
"താന്‍ പറഞ്ഞത് നേരാ... അയലങ്കത്ത് കാറുണ്ട്, എ. സി യൊണ്ട്ന്നൊക്കെപ്പറഞ്ഞ് ന്‍റെമോള് മരുമോനൊരു സ്വൈര്യോം കൊടുക്ക്ണില്ല്യാ.. പണ്ടേമുതല്‍ പേര്‍ഷ്യക്കാരായ അവരോടു മത്സരിച്ച ജയിച്ചിട്ടു എന്തുസമ്മാനാണാവോ ഇവര്‍ക്കൊക്കെ കിട്ടാന്‍പോണേ?!.. ഒരുതരം കുശുംബല്ലേ വേണ്വോ ഇതൊക്കെ?"
"അതേന്നേ.. എവിടേ നോക്ക്യാലും ഇന്നീ മത്സരോട്ടം തന്നേ.. ഇതിനിടയില്‍ തമ്മില് സ്നേഹിക്കാന്‍ ആളോള് മറന്നുപോണൂ.. എല്ലേടത്തും ഒന്നാമതെത്തണം എന്നവാശി മൊളയിലേ കുട്ട്യോളില്‍ കുത്തിവയ്ക്കുന്നു.. ആ തെക്കേലെ ദേവസ്സീടെ കഥ കേള്‍ക്കാ.. അയാള്‍ ഒള്ളപറമ്പും പാടവുമൊക്കെ വിറ്റുതൊലച്ച് ഒരേയൊരു സന്താനത്തെ എന്തൊക്ക്യോ പഠിപ്പിച്ചിട്ടു ഇപ്പൊ എന്തായി?.. കല്യാണം കഴിഞ്ഞവഴി അവനും പെണ്ണും അമേരിക്കയില് പോയിതാമസായി.. വയസ്സാന്‍കാലത്ത് ആ തന്തയ്ക്കും തള്ളയ്ക്കും കൂട്ടിനിപ്പോ ആരൂല്ല്യാ..നാല് ദെവസംമുമ്പ് എന്നെ വഴീല് വെച്ച് കണ്ടപ്പോ ഇതൊക്കെ പറഞ്ഞു കരയാര്‍ന്നു അയാള്‍.. കഷ്ടം.."
"വേണ്വോ.. ഈ നാടും നാട്ടാരും ഇങ്ങന്യൊക്കെ ആയിപ്പോയീ.. ഇനീപ്പോ പറഞ്ഞിട്ടൊന്നും ഒരു കാര്യോല്ല്യാ.. ഇതൊക്കെ കണ്ടും അനുഭവിച്ചും മരിക്ക്യോളം ജീവിക്ക്യന്നേ... വേറെന്താ വഴീ...."
"എന്നാ ശരി.. രാമൂ ഞാനെറങ്ങട്ടേ.. പെന്‍ഷനാപ്പീസ് അടയ്ക്കണേലുംമുന്നേ പോയി ഒള്ള പെന്‍ഷന്‍ വാങ്ങാന്‍നോക്കട്ടേ.. വൈന്നേരം അമ്പലത്തില് വെച്ച് കാണാംട്ടോ.."
വേണുനായര്‍ പടിയിറങ്ങിപ്പോകുന്നതുനോക്കി രാമകൃഷ്ണന്‍ ഇരുന്നു... മത്സരങ്ങളേതുമില്ലാതിരുന്ന ഒരു കാലഘട്ടത്തിന്‍റെ ജീവനുള്ള തിരുശേഷിപ്പ് പോലെ!...
- ജോയ് ഗുരുവായൂര്‍









എഴുത്തുകാരനും ബ്ലോഗ്ഗറും കവിയും കഥാകാരനായ പ്രിയ മിത്രം ജോയി ഗുരുവായൂർ ഏരിയലിന്റെ കുറിപ്പുകൾ വായനക്കാർക്കായി പ്രസിദ്ധീകരിക്കുന്ന ഒരു കഥ.  കഥാകാരരന്റെ ബ്ലോഗിലേക്കുള്ള വഴി ഇതാ ഇവിടെ: http://koottukaar.blogspot.in/
വായിച്ചു നിങ്ങളുടെ അഭിപ്രായം കമന്റു ബോക്സിൽ ഇടാൻ മറക്കില്ലല്ലോ.

No Comments

വിശ്വാസവിശ്വാസങ്ങള്‍

14 comments

 

   വിശ്വാസവിശ്വാസങ്ങള്‍

ജോയ് ഗുരുവായൂർ






നിഗൂഢമാം വന്‍ഗര്‍ത്തങ്ങളില്‍നിന്നും
നുരഞ്ഞുപതഞ്ഞൊഴുകിടുമീയവിശ്വാസം.
ബന്ധങ്ങളെല്ലാം ക്ഷണികനേരത്താലതിവേഗം
ബന്ധനങ്ങളിലാക്കിടും സമസ്യകള്‍തന്‍
ആശയക്കുഴപ്പത്തിലുടലെടുക്കുമീയവിശ്വാസം.
ക്ഷോഭിച്ചുവശായ മനോവ്യാപാരങ്ങളാം
ഉമിത്തീയിലുരുകി നിര്‍ഗ്ഗളിക്കുമൊരാ
ഊഹങ്ങളിലൂട്ടിയുറയ്ക്കുന്നൊരവിശ്വാസം.
ചുററത്തില്‍പ്പടുത്ത കല്പടവുകളൊക്കെയും
നിലംപരിശാക്കിയതില്‍ച്ചവിട്ടിയട്ടഹസിച്ച്,
താണ്ഡവമാടി ചിത്തഭ്രമമേറ്റുമൊരവിശ്വാസം.
ക്ഷമയുടെ ദൂതനെ നിഷ്ഠൂരമാട്ടിയകറ്റിയും
ഹൃത്തിലഹങ്കാരത്തിന്നെരിതിരി കത്തിച്ചതി-
ലാത്മാഹുതി ചെയ്യിപ്പിച്ചീടുമീയവിശ്വാസം.
വിവേകത്തെ വിജ്ഞാനം കൊണ്ടുതളച്ച്,
സാദ്ധ്യതകളും സാമ്യങ്ങളും ചികഞ്ഞതില്‍
കറുത്തമുത്തുകള്‍ തേടീടുമീയവിശ്വാസം
ധാരണകളെ തെറ്റിദ്ധാരണകളാക്കി ന്യൂനം
ബാലിശമായ ചെയ്തികളിലൂന്നിയും,
ചരിത്രം തീയിട്ടെരിച്ചുകളയുമീയവിശ്വാസം.
നാളുകള്‍തന്‍ പുഞ്ചിരിയും ലാളനവും
പടുത്തുയര്‍ത്തിയ സ്നേഹമതിലുകള്‍
പരദൂഷണങ്ങളാല്‍ വീഴ്ത്തുമീയവിശ്വാസം.
വിചിന്തനവിരോധിയാണീയവിശ്വാസം.
സ്നേഹബന്ധങ്ങളില്‍ മായ്ച്ചാല്‍മായാത്ത
മുറിവുകളലങ്കാരമാക്കുന്നൊരീയവിശ്വാസം.
സങ്കല്പങ്ങളും തെളിയാത്തെളിവുകളും
ധര്‍മ്മിഷ്ടര്‍ക്കുള്ളില്‍ ആധിയാം ചിതയൊരുക്കി-
യതിലവരെയാളിക്കത്തിക്കുമീയവിശ്വാസം.
അവിശ്വസിക്കുന്നതിനും മുമ്പൊന്നോരുക,
നൈമിഷികമാം സാങ്കല്‍പ്പിക സൃഷ്ടികളാല്‍
തകര്‍ക്കാനുള്ളതല്ല ഹൃദ്യമായൊരീ വിശ്വാസം.
തെറ്റുകളും കുറ്റങ്ങളും കണ്ടും കണ്ടില്ലെന്നും
പരസ്പരം നടിച്ചുമവസരത്തില്‍ ചര്‍ച്ച ചെയ്തു-
മസൂയാവഹം വളര്‍ത്തേണ്ടതാണീ വിശ്വാസം.
മനസ്സ് മനസ്സിനെ തിരിച്ചറിഞ്ഞീടാത്തൊരു
o0o

ചുറ്റം = കൂട്ടുകെട്ട്, സ്നേഹം
ഓരുക = ഓര്‍ക്കുക, വിചാരിക്കുക

Guest Blogger ശ്രീ ജോയ് ഗുരുവായൂർ:

 

എഴുത്തുകാരനും ബ്ലോഗ്ഗറും കവിയും കഥാകാരനായ പ്രിയ മിത്രം ജോയി ഗുരുവായൂർ ഏരിയലിന്റെ കുറിപ്പുകൾ വായനക്കാർക്കായി പ്രസിദ്ധീകരിക്കുന്ന ഒരു കവിത.  കവിയുടെ ബ്ലോഗിലേക്കുള്ള വഴി ഇതാ ഇവിടെ: http://koottukaar.blogspot.in/
വായിച്ചു നിങ്ങളുടെ അഭിപ്രായം കമന്റു ബോക്സിൽ ഇടാൻ മറക്കില്ലല്ലോ.

Visit PHILIPScom

PHILIPScom On Facebook

-->